മനുഷ്യരാകെ ശാന്തിയിലും സമത്വത്തിലും ഐശ്വര്യത്തിലും കഴിയുന്ന ഒരു കാലമുണ്ടാകണമെന്ന സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാനുള്ള അവിശ്രമ പരിശ്രമങ്ങള്‍ക്കായി ജീവിതം മാറ്റിവച്ച സാംസ്കാരിക നായകനായിരുന്നു പ്രൊഫ. നൈാന്‍ കോശി. സമഭാവനയിലധിഷ്ഠിതമായ അത്തരമൊരു ലോകത്തിന്റെ പിറവിക്കുള്ള പ്രായോഗിക മാര്‍ഗമേത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇടതുപക്ഷമാര്‍ഗം എന്നതായിരുന്നു ആ ധാരണ. അതുപ്രകാരമുള്ള സാമൂഹികമുന്നേറ്റത്തിനായി തന്റെ അറിവും അനുഭവവും സംഘടനാശേഷിയും എല്ലാം അദ്ദേഹം സമര്‍പ്പിച്ചു. അങ്ങനെ ജനാധിപത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, മതനിരപേക്ഷതയുടെ, സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തിന്റെ, സാമ്രാജ്യത്വവിരുദ്ധ ജനമുന്നേറ്റത്തിന്റെ മൂല്യങ്ങള്‍ ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ചു. ചാഞ്ചല്യമില്ലാത്ത ആ പ്രതിബദ്ധതയാണ് പ്രൊഫ. നൈാന്‍ കോശിയെ സമൂഹത്തിന് പ്രിയങ്കരനാക്കിയത്.
മുപ്പതു വയസ്സാകുന്നതിനുമുന്നേതന്നെ അഭിജാതമായ ഒരു കാലാലയത്തിന്റെ വകുപ്പധ്യക്ഷനും വൈസ് പ്രിന്‍സിപ്പലും സെനറ്റ് അംഗവും ഒക്കെയായ ഒരാള്‍ ആ ജീവിതസുരക്ഷയുടെ വലയത്തിന് പുറത്തേക്കുപോകാന്‍ താല്‍പ്പര്യപ്പെടുക അക്കാലത്ത് അല്‍പ്പം അസാധാരണത്വമുള്ളതാണ്; യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തില്‍ നിന്നാണ് വരുന്നതെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍, ഈ സൗഭാഗ്യങ്ങളും പശ്ചാത്തലവുമൊന്നും ആ ഔദ്യോഗിക ജീവിതത്തിന്റെ മതില്‍ക്കെട്ടുകള്‍ക്ക് പുറത്തേക്കിറങ്ങാന്‍ നൈാന്‍ കോശിക്ക് തടസ്സമായില്ല. മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതായിരുന്നില്ല ആ വ്യക്തിത്വം.
അങ്ങനെയാണ് സിഎസ്ഐ സഭയുടെ മധ്യകേരള അതിരൂപതയുടെ യുവജനപ്രസ്ഥാനമായ യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം ഇറങ്ങുന്നത്. ഡോ. എ എം തോമസിന്റെ ദീപ്ത വ്യക്തിത്വത്തെ പിന്തുടര്‍ന്നായിരുന്നു ആ പുറത്തുവരല്‍. പുറത്തേക്കിറങ്ങിയ നൈാന്‍ കോശി ജീവിക്കാന്‍ വിഷമിക്കുന്നവരുടെ ദൈന്യാവസ്ഥകള്‍ കണ്ടു. ചൂഷണങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ക്രൗര്യമുഖങ്ങള്‍ കണ്ടു. മനുഷ്യോചിതമായി ജീവിക്കാന്‍ കഴിയുന്ന അവസ്ഥയ്ക്കുവേണ്ടിയുള്ള യാതനാനിര്‍ഭരങ്ങളായ പോരാട്ടങ്ങള്‍ കണ്ടു. അവയോടെല്ലാമുണ്ടായ ഹൃദയപക്ഷപാതിത്വമാണ് അദ്ദേഹത്തെ മാനുഷികമൂല്യങ്ങള്‍ക്ക് മറ്റെന്തിലും വിലകല്‍പ്പിക്കുന്ന സമുന്നത വ്യക്തിത്വത്തിലേക്കുയര്‍ത്തിയത്.
മാവേലിക്കര കോളേജില്‍നിന്ന് ദീര്‍ഘ അവധിയെടുത്ത് ബംഗളൂരുവില്‍ ക്രിസ്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് റീലീജിയണ്‍ ആന്‍ഡ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയപ്പോഴും ഗാര്‍ഡിയന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയപ്പോഴും എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്ററിന്റെ ഡയറക്ടര്‍ ആയപ്പോഴും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അന്താരാഷ്ട്ര കമീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായപ്പോഴും ഒക്കെ ക്രൈസ്തവതയ്ക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ അദ്ദേഹം തിരഞ്ഞു. മനുഷ്യരാശിയുടെ മോചനത്തിനുവേണ്ടിയുള്ള കമ്യൂണിസ്റ്റ് പോരാട്ടങ്ങളില്‍ ക്രിസ്തുവിന്റെ സഹനാനുഭവങ്ങള്‍ പ്രതിഫലിച്ചുനില്‍ക്കുന്നതായി അദ്ദേഹം വിലയിരുത്തി.
റൊഡേഷ്യയിലെയും നമീബിയയിലെയും അംഗോളയിലെയും ഒക്കെ അപ്പാര്‍ത്തീഡ് വിരുദ്ധ പോരാട്ടങ്ങളോട് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ മനസ്സില്‍ അനുഭാവമുണ്ടാക്കുന്നതില്‍ നൈാന്‍ കോശി വഹിച്ച പങ്ക് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പാന്‍ ആഫ്രിക്കന്‍ കോണ്‍ഗ്രസിന്റെയും പോരാട്ടങ്ങള്‍ക്ക് വേള്‍ഡ് കൗണ്‍സിലിന്റെ പിന്തുണ എത്തിക്കുന്നിടത്തേക്കെത്തി നൈാന്‍ കോശിയുടെ ഇടപെടല്‍. രണ്ടരപ്പതിറ്റാണ്ടിലേറെ കാലത്തെ ജയില്‍വാസത്തിനുശേഷം നെല്‍സണ്‍ മണ്ടേല ജനീവയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായി അവിടെയുണ്ടായത് നൈാന്‍ കോശിയാണ്. എഎന്‍സിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ മണ്ടേല "ഒടുവില്‍ നാം സ്വതന്ത്രരായി' എന്ന ചരിത്രപ്രധാന പ്രസംഗം നടത്തിയപ്പോള്‍ വേദിയില്‍ തൊട്ടരുകില്‍ നൈാന്‍ കോശിയുണ്ടായിരുന്നുവെന്നത് സ്വാഭാവികം.
എക്കാലവും ദൈവവിശ്വാസിയായിരുന്ന നൈാന്‍ കോശിയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നതതലത്തിലുള്ള മനുഷ്യത്വവും മനുഷ്യമോചനത്തിനായുള്ള പോരാട്ടങ്ങളിലെ അതിന്റെ സത്യസന്ധമായ പ്രതിബദ്ധതയുമാണ്. ആ ആഭിമുഖ്യം 1998ല്‍ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സിപിഐ എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നൈാന്‍ കോശിയെ നിശ്ചയിക്കുന്നിടത്തുവരെയെത്തി. പാര്‍ടിയുടെ നിര്‍ദേശത്തെ അഭിമാനപൂര്‍വം അംഗീകരിച്ച് മത്സരരംഗത്ത് നിലയുറപ്പിക്കുകയും ചെയ്തു അദ്ദേഹം. മലയാള പത്രപ്രവര്‍ത്തനരംഗത്ത് "വിദേശകാര്യ പംക്തി'ക്ക് തുടക്കം കുറിച്ചത് നൈാന്‍ കോശിയാണ്. വിദ്യാര്‍ഥി ജീവിതഘട്ടത്തില്‍ അദ്ദേഹം തുടങ്ങിവച്ച "രാജ്യാന്തര രംഗ'ത്തിലാണ് പില്‍ക്കാലത്ത് പല പത്രങ്ങളും അനുകരിച്ച "സാര്‍വദേശീയരംഗ'ത്തിന്റെ തുടക്കം. ദേശാഭിമാനിക്കുവേണ്ടി സാര്‍വദേശീയരംഗം കൈകാര്യം ചെയ്തുപോരുകയായിരുന്നു അദ്ദേഹം. ദേശാഭിമാനിക്ക് അഭിമാനിക്കാന്‍ പോരുന്നതായിരുന്നു ആ പംക്തി. അത് ഇനിയില്ല എന്നത് ദേശാഭിമാനിയുടെ ദുഃഖം.
സാര്‍വദേശീയ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷമല്ലാത്ത ഉള്‍പ്പിരിവുകള്‍, അതുളവാക്കുന്ന ഗതിവിഗതികള്‍ തുടങ്ങിയവ ലളിതവും സമഗ്രവും അഗാധവുമായി അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് എടുത്തുപറയേണ്ടതുണ്ട്.ലോകത്തെ പല സര്‍വകലാശാലകളിലും പാഠപുസ്തകങ്ങളായ കൃതി രചിച്ചിട്ടുള്ളയാള്‍, ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ വിസിറ്റിങ് ഫെലോ ആയി ക്ഷണിക്കപ്പെട്ടയാള്‍, ബംഗളൂരു നാഷണല്‍ ലോ സ്കൂള്‍ ഫെലോ, മനുഷ്യാവകാശമടക്കമുള്ള പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഒട്ടനവധി രാഷ്ട്രങ്ങളുടെ തലവന്മാരുമായി ചര്‍ച്ച നടത്തിയ അനൗദ്യോഗിക അംബാസഡര്‍, ഉറച്ച സാമ്രാജ്യത്വവിരുദ്ധ- സയണിസ്റ്റ്വിരുദ്ധ ചിന്തകന്‍, മികവാര്‍ന്ന അക്കാദമീഷ്യന്‍, പ്രഗത്ഭനായ അധ്യാപകന്‍, വര്‍ഗീയതയ്ക്കും അതിന്റെ അര്‍ധഫാസിസ്റ്റ് നീക്കങ്ങള്‍ക്കുമെതിരെ സമൂഹമനഃസാക്ഷിയെ ജാഗ്രതപ്പെടുത്തിക്കൊണ്ടിരുന്നയാള്‍. ഇങ്ങനെ പല വ്യക്തിത്വങ്ങളുടെ സമന്വയമായിരുന്നു നൈാന്‍ കോശിയുടേത്. വര്‍ഗീയവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ മുന്നേറ്റങ്ങള്‍ക്ക് പുതിയ കുതിപ്പുണ്ടാകേണ്ട ഘട്ടത്തില്‍ ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും നയിച്ച സമുന്നതനായ സാംസ്കാരിക നായകനെ നമുക്ക് നഷ്ടമായിരിക്കുന്നു. സാമൂഹ്യ പൊതുമണ്ഡലത്തിന് പൊതുവിലും ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ- സാംസ്കാരിക മണ്ഡലങ്ങള്‍ക്ക് പ്രത്യേകിച്ചും നികത്താനാകാത്ത നഷ്ടമാണ് നൈാന്‍ കോശിയുടെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്രതലങ്ങളില്‍ നക്ഷത്രംപോലെ തിളങ്ങിനിന്ന ഈ വ്യക്തിത്വം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. പ്രൊഫ. നൈാന്‍ കോശിയുടെ സ്മരണയ്ക്കുമുന്നില്‍ ദേശാഭിമാനിയുടെ ആദരാഞ്ജലികള്‍
ദേശാഭിമാനി മുഖപ്രസംഗം

No comments:
Post a Comment