അമേരിന്ത്യന്‍  പെണ്‍ പോരാളിയുടെ വീരഗാഥ 1992ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചതോടെയാണ്, 33 കാരിയായിരുന്ന റിഗോ ബെര്‍തമെഞ്ചു ടും എന്ന ഗ്വാട്ടിമാലയിലെ അമേരിന്ത്യന്‍ വംശജ ലോകശ്രദ്ധയാകര്‍ഷിച്ചത്. ഗ്വാട്ടിമാലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഭൂപ്രഭുക്കളും സ്വേച്ഛാധിപതികളായ ഭണാധികാരികളും നടത്തിയ കൂട്ടക്കൊലകളും അവര്‍ക്കെതിരെ 1970കളിലും 1980കളിലും നടന്ന ഐതിഹാസികമായ ഗറില്ലാ പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ആ ഭരണകൂട ഭീകരതയുടെയും അതിനെതിരെ നടന്ന ചെറുത്തുനില്‍പ് പോരാട്ടങ്ങളുടെയും രൂപരേഖയാണ്, റിഗോബെര്‍താമെഞ്ചുവിന്റെ ആത്മഭാഷണങ്ങളിലൂടെ ലോകത്തിനു മുന്നിലെത്തിയത്. ആധുനിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാതിരുന്ന റിഗോബെര്‍ത്തയുടെ വാക്കുകള്‍ക്ക് വെനസ്വേലന്‍ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ എലിസബത്ത് ബര്‍ഗോസ് ദിബ്രെയാണ് ഗ്രന്ഥരൂപം നല്‍കിയത്.
ഗ്വാട്ടിമാലയിലെ 22 ഗോത്രവര്‍ഗങ്ങളിലെ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നായ ക്വിഷെയില്‍പെട്ട 23 കാരിയുടെ വാക്കുകള്‍ 20-ാം നൂറ്റാണ്ടിന്റെ 2-ാം പകുതിയിലെ ഗ്വാട്ടിമാലയിലെ ഗോത്രവര്‍ഗങ്ങളുടെ, പൊതുവില്‍ ദരിദ്രരുടെ, ജീവിത ദുരിതങ്ങളിലേക്കും അവര്‍ക്കെതിരെ അഴിച്ചുവിടപ്പെട്ട കൊടും ക്രൂരതകളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. ഈ കൃതിയിലൂടെ വെളിപ്പെട്ട വിവരങ്ങളാണ് ഗ്വാട്ടിമാലയില്‍ നടമാടിയിരുന്ന വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ട്രൂത്ത് കമ്മീഷനെ നിയമിക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്. ഇതിഹാസ സമാനമായ, റിഗോബെര്‍തമെഞ്ചുവിന്റെ പ്രസിദ്ധമായ ആത്മഭാഷണമാണ് സമത മലയാളത്തില്‍ ""ഞാന്‍ റിഗോബെര്‍തമെഞ്ചു: ഗ്വാട്ടിമാലയിലെ അമേരിന്ത്യന്‍ പോരാളി'' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ, അവരുടെ ജീവിതത്തിന്റെ, സംസ്കൃതിയുടെ വിവിധ വശങ്ങളെക്കുറിച്ചും റിഗോബെര്‍ത വായനക്കാരുടെ ഉള്ളുലയ്ക്കുംവിധം തന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത. ഭൂപ്രഭുക്കളും തോട്ടമുടമകളും നടത്തു ന്ന കൊടും ക്രൂരതകള്‍ക്കുപുറമെ വികസനത്തിന്റെപേരില്‍ ഭരണാധികാരികള്‍ ഗോത്രവര്‍ഗത്തെ ഉന്മൂലനംചെയ്യുന്നതിനെക്കുറിച്ചും റിഗോബെര്‍ത വിവരിക്കുന്നു.
ഗോത്രവര്‍ഗ സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കാനോ അതിന്റെ ഭൂതകാല മഹിമകളില്‍ അഭിരമിക്കാനോ അല്ല റിഗോബെര്‍തയുടെ പോരാട്ടം; മറിച്ച് ഗോത്ര ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ദരിദ്രരുടെയും മോചനത്തിനായുള്ള പോരാട്ടമാണ് അവര്‍ നടത്തിയത്. കര്‍ഷക ഐക്യസമിതി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയാണ് അവര്‍ പൊരുതിയത്. ഗ്വാട്ടിമാലയിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഗോത്രവര്‍ഗങ്ങള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിന് നടത്തിയ ഗ്വാട്ടിമാലയിലെ സ്പാനിഷ് എംബസി കയ്യേറ്റത്തിന് നേതൃത്വം കൊടുത്ത വിന്‍സെന്റ് മെഞ്ചുവിന്റെ പുത്രിയാണ് റിഗോബെര്‍ത.
അവര്‍ ഈ കൃതിയിലൂടെ സ്വന്തം ജീവിതം, സ്വന്തം കുടുംബത്തിന്റെ, ഗോത്രത്തിന്റെ, സ്വേച്ഛാധിപത്യത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും അധികാര പ്രമത്തതയ്ക്കുകീഴില്‍ അമര്‍ന്നുകഴിഞ്ഞിരുന്ന ഒരു ജനതയുടെ, അവരുടെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ യഥാതഥമായ വിവരണമാണ് നടത്തുന്നത്. റിഗോബെര്‍തയുടെ വാക്കുകള്‍: ""ഇതെന്റെ അനുഭവസാക്ഷ്യം. ഞാനിതൊന്നും ഒരു പുസ്തകത്തില്‍നിന്നും പഠിച്ചെടുത്തതല്ല. ഒറ്റയ്ക്കു പഠിച്ചതുമല്ല. ഇത് എന്റെ മാത്രം ജീവിതമല്ല.
എന്റെ ആളുകളുടെ അനുഭവസാക്ഷ്യംകൂടിയാണ്''.ഗ്വാട്ടിമാലയിലെ ഒരു മലയോര ഗ്രാമത്തില്‍ 1959 ജനുവരി 9ന് പിറന്ന റിഗോബെര്‍ത കുട്ടിക്കാലത്തുതന്നെ കുടുംബത്തിനൊപ്പം തോട്ടങ്ങളിലും പാടത്തും പണിയെടുക്കാന്‍ നിര്‍ബന്ധിതയായി. ആറുമാസം തീരപ്രദേശത്തെ തോട്ടങ്ങളില്‍ കളപറിക്കാനും വിളവെടുപ്പിനുമായി പണിക്കുപോകുന്ന ഗോത്രവര്‍ഗ ജനത അവശേഷിക്കുന്ന ആറുമാസക്കാലം മലയോര മേഖലയിലെ പാടങ്ങളില്‍ പണിയെടുക്കുന്നു. വികസനം വരുന്തോറും ഗോത്രവര്‍ഗ ജനതയുടെ വാസവും കൃഷിയും കാട്ടിലേക്കു മാറിക്കൊണ്ടിരിക്കും; അവര്‍ ആട്ടിയോടിക്കപ്പെട്ടു.
രാപല്‍ എല്ലുമുറിയെ പണിതാലും പട്ടിണിയൊഴിഞ്ഞ കാലമില്ല. റിഗോബെര്‍തപറയുന്നു; ""ഭക്ഷണം കിട്ടാത്തതുമൂലം എന്റെ രണ്ടു ചേട്ടന്മാര്‍ ചാകുന്നത് ഞാന്‍ കണ്ടു''.ഗോത്ര ജീവിതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സന്തോഷ സന്താപങ്ങളുമെല്ലാം അതിമനോഹരമായി റിഗോബെര്‍ത തുടക്കത്തില്‍തന്നെ അവതരിപ്പിക്കുന്നു. തോട്ടങ്ങളിലേക്ക് സംഘം ചേര്‍ന്നാണ് ആദിമ നിവാസികളായ ഗോത്രവര്‍ഗക്കാര്‍ പണിക്കുപോയിരുന്നത്. ഈ സംഘബോധംതന്നെയാണ് ഭൂപ്രഭുക്കളുടെയും തോട്ടമുടമകളുടെയും ക്രൂരതകള്‍ക്കെതിരെ, മറ്റൊരുമാര്‍ഗവുമില്ലാതെയായപ്പോള്‍, ചെറുത്തുനില്‍ക്കാന്‍ അവര്‍ക്ക് പ്രേരണയായത്. തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ മരണപ്പെട്ടാല്‍ ശവമടക്കണമെങ്കില്‍ തോട്ടമുടമകള്‍ക്ക് പണം കൊടുക്കണമായിരുന്നു എന്നുപറഞ്ഞാല്‍ ആ ദുരിതത്തിന്റെ ആഴം മനസ്സിലാക്കാമല്ലോ.
കുട്ടികള്‍ പട്ടിണിയും രോഗങ്ങളുംമൂലം മരിച്ചുപോകുന്ന കാഴ്ച ഏറെ കാണേണ്ടിവന്ന റിഗോബെര്‍ത താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ബാല്യത്തില്‍തന്നെ പ്രതിജ്ഞയെടുത്തു. തോട്ടങ്ങളിലെ അടിമപ്പണിയില്‍നിന്ന് രക്ഷനേടാന്‍ ഇടയ്ക്ക് കുറെക്കാലം പട്ടണത്തില്‍ വീട്ടുവേലക്കാരിയായും അവര്‍ പണിയെടുത്തു. പക്ഷേ അവിടെയും ജീവിതം അടിമയ്ക്കുതുല്യംതന്നെ ആയതുമൂലം അതുപേക്ഷിച്ച് വീണ്ടും കുടുംബത്തോടൊപ്പം തോട്ടങ്ങളിലേക്ക് പണിക്കുപോയി. ഭൂവുടമകളുമായും ഭരണാധികാരികളുമായും ആശയവിനിമയം നടത്തുന്നതിന് ഭരണാധികാരികളുടെ ഭാഷയായ സ്പാനിഷ് പഠിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് റിഗോബെര്‍ത എന്ന പോരാളിയെ സ്പാനിഷ് പഠിക്കാനും തന്റെ ആളുകളെ അതു പഠിപ്പിക്കാനും പ്രേരിപ്പിച്ചു. സങ്കരവര്‍ഗത്തില്‍പെട്ട ലാദിനോകളുടെ - ദരിദ്രരായ കര്‍ഷകത്തൊഴിലാളികളുടെ - സഹായത്തോടെയാണ് റിഗോബെര്‍ത സ്പാനിഷ് സംസാരിക്കാന്‍ പഠിച്ചത്.
തോട്ടമുടമകളില്‍നിന്ന് നേരിട്ടിരുന്ന പീഡനങ്ങളെക്കുറി ച്ച്, മനുഷ്യത്വം മരവിക്കാത്ത ആരുടെയും കരളലിയിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ റിഗോബെര്‍ത വിവരിക്കുന്നുണ്ട്. തോട്ടമുടമയുടെ പുത്രന്റെ കാമാര്‍ത്തിക്കു വഴങ്ങാത്ത പെട്രോണ എന്ന റിഗോ ബെര്‍തയുടെ ഒരു കൂട്ടുകാരിയെ ആ കുബേരപുത്രന്‍ ഗുണ്ടകളെക്കൊണ്ട് കൊന്ന് തുണ്ടുതുണ്ടാക്കിയതും അതറിഞ്ഞിട്ടും അധികാരികളാരും കേസെടുത്തില്ലെന്നു മാത്രമല്ല, തിരിഞ്ഞുനോക്കുകപോലും ചെയ്തില്ലെന്നതും 25 കഷ്ണങ്ങളാക്കപ്പെട്ട ആ ശിവശരീരം ആ വീട്ടുമുറ്റത്ത് കിടന്ന് ചീഞ്ഞളിഞ്ഞതുമായ സംഭവം ഒരിടത്തു പറയുന്നുണ്ട്. ഇത്തരം കൊടിയ അക്രമങ്ങളാണ് ഈ ഗോത്ര ജനതയെ ചെറുത്തുനില്‍പിന് നിര്‍ബന്ധിതരാക്കിയത്. ആ ചെറുത്തുനില്‍പാകട്ടെ ഗോത്രവര്‍ഗ സ്വത്വാടിസ്ഥാനത്തിലാകാന്‍ പാടില്ലെന്ന തിരിച്ചറിവ് റിഗോബെര്‍തയ്ക്കും കൂട്ടര്‍ക്കും തുടക്കംമുതല്‍തന്നെ ഉണ്ടാകുന്നു.
തങ്ങളെപ്പോലെതന്നെ ദാരിദ്ര്യവും ചൂഷണവും ദുരിതവും നേിരടുന്ന ലാദിനോകള്‍ ഉള്‍പ്പെടെ അധ്വാനിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാകണം എന്നവര്‍ മനസ്സിലാക്കുന്നു. റിഗോബെര്‍ത പറയുന്നു. ""പ്രശ്നങ്ങളുടെ മൂലകാരണം കിടക്കുന്നത് ഭൂമിയുടെ ഉടമസ്ഥതയിലാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ലാദിനോ ആയ സ്നേഹിതനോട് അടുത്തപ്പോഴാണ് കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന ലാദിനോകള്‍ ഉണ്ടെന്നും ഞങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നത് ഭരണവര്‍ഗത്തിന്റെ കൗശലമാണെന്നും മനസ്സിലാക്കിയത്.... ഞങ്ങളുടെ സംഘടനയില്‍ ഇന്ത്യക്കാരും പാവം ലാദിനോകളുമുണ്ടായിരുന്നു.
''അവകാശ സംരക്ഷണത്തിനായുള്ള ആ ചെറുത്തുനില്‍പ് പോരാട്ടത്തില്‍ റിഗോബെര്‍തയുടെ പിതാവും മാതാവും സഹോദരനും മറ്റൊട്ടേറെ പേര്‍ക്കൊപ്പം രക്തസാക്ഷിത്വം വരിക്കുന്നു. പട്ടാളം നടത്തുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ചുള്ള ഒരു വാങ്മയചിത്രം റിഗോബെര്‍ത ഇതില്‍ അവതരിപ്പക്കുന്നു. ഈ പോരാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം രാജ്യംവിട്ട് പാരീസിലെത്തുന്ന റിഗോബെര്‍ത അവിടെവെച്ചാണ് എലിസബത്ത് ബര്‍ഗോസ് ദിബ്രെയെ കണ്ടുമുട്ടുന്നതും അവരോടുതന്റെ ആത്മഭാഷണം നടത്തുന്നതും. സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സൈനികവാഴ്ചയിന്‍കീഴില്‍ നടത്തുന്ന കൊടിയ ആക്രമങ്ങളെക്കുറിച്ചറിയാന്‍, ഈ കാലഘട്ടത്തിലെ മഹത്തായ ഒരു പോരാട്ടത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ഉത്തമ കൃതിയാണ് റിഗോബെര്‍തമെഞ്ചുവിന്റെ ആത്മകഥ.