മൗനത്തിന്റെ
പുസ്തകം
എന്‍.എസ്. മാധവന്‍
പ്രക്ഷുബ്ധമായ '1980'കളോട് മലയാളികള്‍, സാധാരണക്കാരും കലാകാരന്മാരും പ്രതികരിച്ചത് പ്രതികരിക്കാതിരിക്കുന്നതിലൂടെയോ മൗനത്തിലൂടെയോ ആയിരുന്നു. കെ.ജി. സുബ്രഹ്മണ്യദാസിനെക്കുറിച്ചുള്ള പി.കെ. അശോക്കുമാര്‍ എഡിറ്റുചെയ്തിട്ടുള്ള പുസ്തകം'സുബ്രഹ്മണ്യദാസ് ഇന്നും' അതിറങ്ങിയതിനുശേഷമാണ് ഞാന്‍ വായിക്കുന്നത്. അങ്ങനെയാണ് അപരിചിതനായ ദാസ് എന്റെ ജീവിതത്തില്‍ പ്രവേശിക്കുന്നത്. താന്‍ ജീവിച്ച കാലത്തെ ഈ ചെറുപ്പക്കാരന്‍ നേരിട്ട സത്യസന്ധത ഇന്നും അപൂര്‍വമാണ്.
അദ്ഭുതാവഹമായ ആര്‍ജവത്തോടെ ആയിരുന്നു ദാസ് ആശയങ്ങളോടും പുസ്തകങ്ങളോടും ഫിലിമുകളോടും വ്യക്തികളോടും പ്രതികരിച്ചത്. ഇന്നും നമ്മുടെ കൂടെ ഉണ്ടാകേണ്ട ആളെന്ന് പലപ്പോഴും ദാസ് അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകത്തിലൂടെ ഓര്‍മിപ്പിക്കുന്നു. ഇടതുപക്ഷ ആശയങ്ങള്‍ പിന്നോട്ടടിച്ച ഈ കാലത്തില്‍ ദാസിന്റെ നിരീക്ഷണങ്ങള്‍ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വല്ലാതെ മിസ് ചെയ്യുന്നു.
മിക്കവാറും ബൗദ്ധികവും ചിന്തകളാല്‍ ആകുലവും ആയ മനസ്സിന്റെ ഉടമയായിരുന്നു ദാസെന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം അടുത്തിടെ കണ്ടെത്തിയപ്പോള്‍ എനിക്ക് തോന്നിയത്. പ്രക്ഷുബ്ധമായ 1980കളിലൂടെയും അതിനുശേഷമുള്ള കാലത്തിലെയും പ്രതിഭാധനരായിരുന്ന പല മലയാളികളെയും നമുക്ക് നഷ്ടപ്പെട്ട രീതിയിലല്ല ദാസ് നമ്മളെ വിട്ടുപിരിഞ്ഞത്. ഏറ്റവും വലിയ ദാര്‍ശനികപ്രശ്‌നം ആത്മഹത്യയാണെന്ന് ആല്‍ബര്‍ കമ്യു പറഞ്ഞത് എനിക്ക് വളരെ വൈകി ശരിക്കും മനസ്സിലാക്കിത്തന്നത് കെ.ജി. സുബ്രഹ്മണ്യദാസിന്റെ പുസ്തകമാണ്.
കാലത്തിന്റെ ആത്മകഥകള്‍
സുകന്യ എന്‍
കേരളത്തിന്റെ തെക്കും വടക്കും ജീവിക്കുന്ന രണ്ടുതലമുറകളില്‍പ്പെട്ട രണ്ടെഴുത്തുകാരുടെ ഓര്‍മച്ചിത്രങ്ങള്‍ഹൃദയകുമാരിടീച്ചറുെട 'നന്ദിപൂര്‍വം', സി.വി. ബാലകൃഷ്ണന്റെ 'പരല്‍മീന്‍ നീന്തുന്ന പാടം'ഇവയെ കോര്‍ത്തിണക്കുന്നതെന്താണ്? കേരളീയജീവിതം കുറേക്കൂടി സരളവും ലളിതവുമായിരുന്ന, മാനുഷികതയും പരസ്പരസ്നേഹവും വിശ്വാസവും ശക്തമായിരുന്ന ഒരുകാലത്തെ വീണ്ടെടുക്കുന്നവയാണ് ഈ ആത്മകഥകള്‍ എന്നതുതന്നെ. ചുറ്റും കാണുന്നവയിലെല്ലാം അദ്ഭുതംകൂറുന്ന ഒരു ബാലികയെ ഹൃദയകുമാരിടീച്ചറുടെ ഓര്‍മക്കുറിപ്പുകളില്‍ നാം കാണുന്നു. തിരുവനന്തപുരത്തിന്റെ പഴയ ഗന്ധവും രുചിയും ശബ്ദവും കാഴ്ചകളും ടീച്ചര്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ചിത്രംകൂടി ഇതള്‍വിരിയുകയാണ്. കണ്ടുമുട്ടിയ മനുഷ്യര്‍, വായിച്ച പുസ്തകങ്ങള്‍, യാത്രകള്‍ ഇങ്ങനെ വ്യത്യസ്തമായൊരു അവതരണരീതിയാണ് ഈ പുസ്തകത്തിനുള്ളത്. പലപ്പോഴും അനുഭവങ്ങള്‍ക്കപ്പുറത്ത് മനസ്സിന്റെ ആഴങ്ങളിലേക്കും തത്ത്വചിന്തയിലേക്കുമെത്തുന്ന ആഖ്യാനം. കുലീനമായ ഒരു വ്യക്തിത്വത്തിന്റെ ഈ ആത്മാവിഷ്‌കാരത്തിലൂടെ കടന്നുപോവുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു പുതിയ മനുഷ്യനാവും.
ഉത്തരകേരളം, ഇന്നും എനിക്ക് പ്രഹേളികയായ അതിന്റെ സാംസ്‌കാരത്തനിമ, തെയ്യവും തോറ്റവും തിറയും തീക്ഷ്ണമായ ഋതുശോഭകള്‍, ദേശീയ പ്രസ്ഥാനത്തിന്റെയും കമ്യൂണിസത്തിന്റെയും വേരോട്ടമുള്ള ഈ മണ്ണിന്റെ രാഷ്ട്രീയംഇവയെല്ലാം അനുഭവദീപ്തമായ ഭാഷയിലൂടെ ആവിഷ്‌കരിക്കുകയാണ് സി.വി. ബാലകൃഷ്ണന്‍ തന്റെ ബാല്യസ്മൃതിയില്‍. ചീയ്യേയി എന്ന വയറ്റാട്ടിയില്‍ നിന്നാരംഭിക്കുന്നു ആ ഗ്രാമസ്മൃതികള്‍. പയ്യന്നൂരിന്റെയും പരിസരദേശങ്ങളുടെയും ഗന്ധവും വര്‍ണവും ഈ കൃതിയില്‍ പുനര്‍ജനിക്കുന്നു. പഴയകാലത്തിലൂടെ നമ്മെ കൊണ്ടുപോകുന്ന ഈ രണ്ട് കൃതികളും പുതിയ കാലത്തിന്റെ ചില ശൂന്യതകളും നഷ്ടങ്ങളും നമ്മെ ഓര്‍മിപ്പിക്കുകയാണ്. അതിലുപരിയായി നന്മയുടെ നറുമണം ചൊരിയുകയാണ്.
(ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗമായ ലേഖിക പാപ്പിനിശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമാണ്).
കുട്ടികള്‍ക്ക് ഒരു 'വനപര്‍വം'
ഡോ. കുസുമം ജോസഫ്
എന്റെ ഗുരുനാഥന്‍ സുകുമാര്‍ അഴിക്കോട് വായനയെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ പേര് 'വായനയുടെ സ്വര്‍ഗത്തില്‍' എന്നാണ്. സ്വര്‍ഗീയമായ അനുഭൂതികളുടെ ലോകത്തിലേക്ക് കൊണ്ടുപോകുന്ന അനുഭവം വായന നല്‍കാറുണ്ട്. അക്ഷരംപഠിച്ചവരെ പ്രചോദിപ്പിക്കാന്‍, ആഹ്ലാദിപ്പിക്കാന്‍, അസ്വസ്ഥതപ്പെടുത്താന്‍, വേദനിപ്പിക്കാന്‍, വിജ്ഞരാക്കാന്‍ പുസ്തകവായന എന്ന സ്വര്‍ഗീയകൃത്യത്തിന് കഴിയും.
ഓരോ കാലത്തും ഓരോ പ്രായത്തിലും പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഓരോന്നാണ് എന്നതാണ് എന്റെ അനുഭവം. ബൈബിള്‍പോലെ അനുദിന പാരായണത്തിനോ ആവര്‍ത്തിച്ചുള്ള വായനയ്‌ക്കോ ഉള്ള പുസ്തകങ്ങള്‍ ഇല്ല എങ്കിലും ഓര്‍മയില്‍ തങ്ങിനില്ക്കുന്ന, പലവുരു വായിച്ചിട്ടുള്ള, വായിക്കൂ എന്ന് മറ്റുള്ളവരെ ഉത്സാഹിപ്പിക്കാന്‍ തോന്നുന്ന പുസ്തകങ്ങള്‍ പലതുണ്ട്. സ്‌കൂള്‍ കാലത്ത് വായിച്ച 'ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങ'ളും 'കാരമസോവ് സഹോദരന്മാ'രും 'നല്ല ഭൂമിയും' മനസ്സും ശരീരവും ഒരുപോലെ ത്രസിപ്പിച്ച അനന്തമൂര്‍ത്തിയുടെ 'സംസ്‌കാര'യും മുതല്‍ പില്ക്കാലത്തെ 'ആടുജീവിത'വും ഇപ്പോള്‍ വായിച്ച 'ആളോഹരി ആനന്ദ'വും വരെ.
കാലവും പ്രായവും മാറുമ്പോള്‍ നമ്മെ പ്രചോദിപ്പിക്കുന്ന കൃതികളും മാറുന്നു. സൈലന്റ്വാലി കാലത്ത് കേരളത്തിലെ ഇരുപത് കവികള്‍ എഴുതി പ്രസിദ്ധീകരിച്ച 'വനപര്‍വ'ത്തിലെ മുപ്പത്തൊന്ന് കവിതകളുടെയും പ്രമേയം ഇപ്പോഴും പ്രസക്തമാണ്.
ജൂണ്‍ അഞ്ചിന് വൃക്ഷത്തൈയ്ക്കു പകരം 'ഒരു തൈ നടുമ്പോള്‍' എന്ന ഒ.എന്‍.വി.യുടെ കവിതയും 'മരത്തിന് സ്തുതി' എന്ന സുഗതകുമാരിയുടെ കവിതയും കുട്ടികളുടെ കൈകളിലേക്ക് വെച്ചുകൊടുത്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. അല്ലെങ്കില്‍ 'വനപര്‍വം' എന്ന പുസ്തകംതന്നെ കുട്ടികള്‍ക്ക് സമ്മാനിക്കണം.
ഒരു തൈ നടുമ്പോള്‍ ഒരു തണന്‍ നടുന്നൂനടുനിവര്‍ക്കാനൊരു കുളിര്‍നിഴല്‍ നടുന്നൂ.(മേധാ പട്ക്കറുടെ നേതൃത്വത്തിലുള്ള നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റിന്റെ കേരള കണ്‍വീനറായ ലേഖിക മാള കാര്‍മല്‍ കോളേജ് മലയാളവിഭാഗം മേധാവിയാണ്)
വാക്കുകളുടെ സംഗീതം
സി.പി. വിജയകൃഷ്ണന്‍
സാഹിത്യത്തിന് പുറത്തുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിന് പിന്നില്‍, അന്വേഷിച്ചു പോകുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. ഒരു വഴിയിലൂടെ എന്തെങ്കിലും തേടിച്ചെല്ലുന്ന സഞ്ചാരമാണത്. സാഹിത്യകൃതികളുടെ വായനയുടെ പിറകിലും ഇത്തരം ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടാവാമെങ്കിലും അവയൊന്നും ഇല്ലാതെതന്നെ, സഞ്ചാരദിശയെക്കുറിച്ച് യാതൊരു വേവലാതിയും കൂടാതെ കഥയുടെയോ കവിതയുടെയോ താളുകളില്‍ ഒരു വായനക്കാരന് സ്വയം മുങ്ങിത്താഴാം. വായന എന്നുപറയുമ്പോള്‍ സാഹിത്യകൃതികളുടെ വായനയായി അത് മനസ്സിലെത്തുന്നത് ഇതു കൊണ്ടാവണം. ജെയിംസ് ജോയ്‌സിന്റെ പ്രസിദ്ധമായ യൂലിസസ്സ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിക്കാന്‍ എടുത്തുനോക്കിയിരുന്നു.
എന്നാല്‍, തുടങ്ങിയ ഉടനെ നിര്‍ത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഇന്നത്തെ കാലത്ത് അതിന്റെ വായനയെ എളുപ്പമാക്കുന്ന വിവരങ്ങള്‍ സംഭരിക്കുക താരതമ്യേന എളുപ്പമായിരിക്കുന്നു. വായന മാത്രമല്ല ഒരു പുസ്തകത്തിന്റെ ഉള്ളില്‍ വെച്ചുതന്നെ അധിക വായന നടത്തേണ്ടിവരുന്ന മറ്റൊരു പുസ്തകം ഇതു പോലെ വായിക്കുകയുണ്ടായിട്ടില്ല. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് ഈ നോവല്‍ രചിക്കപ്പെട്ടത് എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുംവിധം ഇപ്പോഴും അതിന്റെ നവീനമായ രൂപം അതേപടി നിലകൊള്ളുന്നു എന്നതാണ് അദ്ഭുതകരം. ആധുനികതാ പ്രസ്ഥാനത്തിന്റെ ഭാഗമായി പിറന്ന ഈ ഇംഗ്ലീഷ് നോവല്‍ 1922 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
അശ്ലീലത ആരോപിക്കപ്പെട്ട് നിരോധനവും നേരിടേണ്ടി വന്നിരുന്നു ഈ പുസ്തകത്തിന് . അശ്ലീലതയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ പഴയ മുറിൈകയന്‍ കുപ്പായം പോലെ കാലഹരണപ്പെട്ടിരിക്കുന്നുവെങ്കിലും ജോയ്‌സിന്റെ യൂലിസസ്സ് ഇപ്പോഴും എപ്പോഴും പുത്തനായ ഉടുപ്പ് പോലെ നില കൊള്ളുന്നു. രചനയുടെ അംഗീകരിക്കപ്പെട്ട നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയതു കൊണ്ടായിരിക്കുമോ എംബാം ചെയ്യാതെ തന്നെ അതിലെ അക്ഷരങ്ങള്‍ അതേപടി നിലനില്‍ക്കുന്നത്?
ന്യൂയോര്‍ക്കിലെ മോഡേണ്‍ ലൈബ്രറിയുടെ ഒരു പതിപ്പാണ് െകെയിലുള്ളത്. പഴയപുസ്തകങ്ങളുടെ വില്പനശാലയില്‍ നിന്ന് നൂറുരൂപയ്ക്ക് വാങ്ങിയതായിരുന്നു അത്. പ ുസ്തകത്തിന് വായനക്കാര്‍ കല്പിക്കുന്ന വില എന്താണെന്ന് തനിക്കും അറിയാവുന്നതു കൊണ്ടാണ് നൂറു രൂപ വിലയിടുന്നതെന്ന്, വില പേശിയപ്പോള്‍ വില്പനക്കാരന്‍ പറയുകയുണ്ടായി. പുസ്തകക്കടയില്‍ ഈ പുസ്തകം കണ്ടില്ലായിരുന്നുവെങ്കില്‍ ഇത് വീണ്ടും വായിക്കാന്‍ ൈകയിലെടുക്കുമായിരുന്നില്ല.
ജൂണ്‍ 16 ജോയ്‌സിന്റെ ആരാധകര്‍ ബ്ലൂംസ് ഡേ ആയി എല്ലാതവണയും എന്നപോലെ ആചരിച്ചിട്ടുണ്ടാവണം. ഡബ്ലിനിലെ ലിയോപോള്‍ഡ് ബ്ലൂം എന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ 1904 ജൂണ്‍ 16ന് ഒറ്റദിവസം സംഭവിക്കുന്ന കാര്യങ്ങളിലൂടെ ജോയ്‌സ് ജീവിതപ്രവാഹത്തെ ഒരു ചരിത്ര സന്ദര്‍ഭത്തില്‍ നോക്കിക്കാണുകയാണ്. എല്ലാ തരം ജീവിതവ്യാപാരങ്ങളും അതില്‍ പ്രത്യക്ഷപ്പെടുന്നു. അതേസമയം തന്നെ സമാന്തരമായി ഒഴുകുന്ന ഹോമറുടെ ഇതിഹാസ കാവ്യമായ ഒഡീസിയിലെ സന്ദര്‍ഭങ്ങളുമായി അത് നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നു.
മലയാളി വായനക്കാരെ സന്തോഷിപ്പിച്ചുകൊണ്ട് മലയാളത്തില്‍ ഈ പുസ്തകത്തിന്റെ തര്‍ജമയും ഈയിടെ പുറത്തിറങ്ങിയിട്ടുണ്ട്. എന്‍. മൂസക്കുട്ടി നിര്‍വഹിച്ച ഈ വിവര്‍ത്തനം കേരളസാഹിത്യ അക്കാദമിയാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഭാഷകളില്‍ ആദ്യത്തേതാണ് ഈ സംരംഭമെന്നത് ഈ സേവനം എത്രമാത്രം ശ്രമകരമായിരിക്കണം എന്നുകൂടി കാണിക്കുന്നു.
(മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകന്‍)
മരണമാണഖിലസാരമൂഴിയില്‍
പി.വി. ഷാജികുമാര്‍
അര്‍ബുദചികില്‍സാവിദഗ്ധനായ ഡോ. വി.പി. ഗംഗാധരന്റെ മുപ്പത്തിയൊന്ന് ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'ജീവിതമെന്ന അദ്ഭുതം' അതിജീവനത്തിന്റെയും മരണത്തിന് മുന്നില്‍ മനുഷ്യരുടെ നിസ്സാരതയെയും ആഴത്തില്‍ അനുഭവപ്പെടുത്തുന്ന പുസ്തകമാണ്. അര്‍ബുദരോഗത്തില്‍ നിന്ന് മുക്തരായവരും മരിച്ചവരും 'ജീവിതമെന്ന അദ്ഭുത'ത്തില്‍ കടന്നുവരുന്നു. പല തരത്തിലുള്ള അര്‍ബുദങ്ങള്‍, രോഗത്തിന് മുന്നില്‍ നെഞ്ചുറപ്പോടെ നിന്നവര്‍, എല്ലാവര്‍ഷവും പ്രിയപ്പെട്ടവള്‍ വിട്ടുപോയ ദിവസം ആസ്പത്രിയിലെത്തി അവളുടെ ആത്മാവിനോട് സംസാരിക്കുന്ന ഭര്‍ത്താവ്, അരി കയറ്റിവരുന്ന ലോറിയുടെ സൗകര്യമനുസരിച്ച് മാത്രം കീമോതെറാപ്പി ചെയ്യാന്‍ വരുന്ന ഡ്രൈവര്‍, അര്‍ബുദരോഗത്തില്‍ നിന്ന് മകള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അതേ ആസ്പത്രിയിലെ മറ്റൊരു ഡോക്ടര്‍ അമ്മയെ കാമവൈറിക്കിരയാക്കിയതറിഞ്ഞ് മരണത്തിലേക്ക് നിത്യമൗനിയാകുന്ന മകള്‍... അങ്ങനെയങ്ങനെ നമ്മള്‍ കാണാത്ത അനുഭവങ്ങളുടെ വന്‍കടലിരമ്പല്‍ തന്നെ ഈ പുസ്തകത്തിലുണ്ട്. ഓരോ അനുഭവവും വായിച്ചുകഴിയുമ്പോള്‍ കണ്ണ് നിറയാതിരിക്കില്ല. നമ്മള്‍, മനുഷ്യര്‍ മരണത്തിന് മുന്നില്‍ എത്ര നിസ്സഹായരാണ് എന്ന പകല്‍ പോലെയുള്ള സത്യത്തിന്റെ വെളിച്ചം ഈ പുസ്തകത്തിലുടനീളമുണ്ട്. നന്മയും കാരുണ്യവും മറന്ന്, പലതും വെട്ടിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്നവര്‍ക്ക് നിഴല്‍പോലെ മരണം സഹയാത്രികനായുണ്ടെന്ന് 'ജീവിതമെന്ന അദ്ഭുതം' താക്കീത് നല്‍കുന്നു. പണത്തിന് പിറകെ ആര്‍ത്തിമൂത്ത് സ്റ്റെതസ്‌കോപ്പുമായി പായുന്ന നവവൈദ്യന്മാര്‍ക്ക് ഈ പുസ്തകം ഒരു മനഃസാക്ഷിക്കുത്തുണ്ടാക്കും. ഇത് നന്മയുടെ പുസ്തകമാണ്. സ്‌നേഹത്തിന്റെ പുസ്തകമാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും പുസ്തകമാണ്. വികാരമില്ലായ്മ അര്‍ബുദം പോലെ കാര്‍ന്നുതിന്നുന്ന നടപ്പുകാലത്ത് കരുണയുടെ പാഠപുസ്തകമായി 'ജീവിതമെന്ന അദ്ഭുതം' നില്‍ക്കുന്നു. രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും പകര്‍ന്നുനല്‍കാനുള്ള കരുത്ത് 'ജീവിതമെന്ന അദ്ഭുത'ത്തിനുണ്ട്. 'മരണമാണഖിലസാരമൂഴിയില്‍' എന്ന തിരിച്ചറിവുണ്ടായാല്‍ അഖിലസാരം സ്‌നേഹമാകുന്ന ഊഴിയിലേക്കെത്തിച്ചേരാന്‍ എളുപ്പമാണ്. ഈ പുസ്തകം അങ്ങനെയൊരു തിരിച്ചറിവ് കൂടി, വായനക്കാരനിലുണ്ടാക്കുന്നു.
(കഥാകൃത്തും 'മാതൃഭൂമി' ഓണ്‍ലൈന്‍ എഡിഷനിലെ വെബ് അസിസ്റ്റന്റുമാണ് ലേഖകന്‍)
മരിക്കാത്ത വായന
ബാലരാമന്‍
'വായന മരിക്കുന്നു'. 1990-കളുടെ ആരംഭത്തില്‍ കേരളം മുഴുവന്‍ അലയടിച്ച ഒരു ശോകഗാനമാണിത്. ടെലിവിഷന്‍ വന്നു, വീഡിയോ പ്ലെയറുകളും സി.ഡി.കളും വന്നു, ഗെയിമുകള്‍ വന്നു, കമ്പ്യൂട്ടര്‍ വന്നു, ഇന്റര്‍നെറ്റ് വന്നു...ആളുകളൊക്കെ ഇപ്പോള്‍ അതിലൊക്കെയാണ്, ആര്‍ക്കും വായിക്കാന്‍ നേമില്ല, ആരും വായിക്കുന്നില്ല. അങ്ങനെ വായനക്കൊപ്പം എഴുത്തും പുസ്തവും മരിക്കുന്നു.
അന്ന് ഇന്റര്‍നെറ്റ് പോയിട്ട് കമ്പ്യൂട്ടര്‍ പോലും കേരളത്തില്‍ സര്‍വവ്യാപിയായിട്ടില്ല. പോരെങ്കില്‍ പത്രമാസികകളുടെയൊക്കെ സര്‍ക്കുലേഷന്‍ കുതിച്ചുയരുന്ന കാലവും. എന്നിട്ടാണ് വിലാപം. നാണപ്പന്‍ ചേട്ടന്‍ എന്ന് പരിചയക്കാര്‍ ഭക്ത്യാദരങ്ങളോടെ വിളിക്കുന്ന എം.പി.നാരായണപിള്ളയാണ് കാര്യത്തിന്റെ ഗുട്ടന്‍സ് വളരെ ലളിതമായി വ്യാഖ്യാനിച്ചത്. എഴുത്തറിയാത്ത സാഹിത്യകാരനും കച്ചവടമറിയാത്ത പ്രസാധകനും കൂടി ഒരുക്കുന്ന സംഘടിതപരിപാടിയാണിത്. എഴുത്തറിയാത്തവനും കച്ചവടമറിയാത്തവനും ചേര്‍ന്ന്്് വൃത്തികേടുകള്‍ വായിക്കാന്‍ വിസമ്മതിക്കുന്ന വായനക്കാരന്റെ മേല്‍ കുതിര കയറുന്നു!
വായനയുടെ അകാലചരമത്തെ പറ്റിയുള്ള സങ്കടഹരജികള്‍ ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഹാരി പോട്ടറും ഡാവിഞ്ചി കോഡുമൊക്കെ ലോകത്ത് തന്നെ എത്തുന്നത്. ഈ പരമ്പരകളിലെ പുതിയ പുസ്തകങ്ങള്‍ മാര്‍ക്കറ്റിലിറങ്ങുന്ന ദിവസങ്ങളില്‍, നമ്മളേക്കാള്‍ നല്ല കമ്പ്യൂട്ടറുകളും വീഡിയോ ഗെയ്മുകളും ഇന്റര്‍നെറ്റ് ബാന്‍ഡ്്‌വിഡ്തുമുള്ള അമേരിക്കയിലും യൂറോപ്പിലും പുസ്തകങ്ങളുടെ അച്ചടിച്ച പ്രതികള്‍ വാങ്ങാന്‍ നമ്മുടെ ബിവറേജ് ഷോപ്പുകളുടെ മുന്നില്‍ കാണുന്നതിനേക്കാള്‍ വലിയ ക്യൂകളാണുണ്ടായത് (നാണപ്പന്‍ ചേട്ടന്‍ പറഞ്ഞതെത്ര സത്യം. നമ്മുടെ മഹാസാഹിത്യവിഗ്രഹങ്ങളുടെ കൃതികള്‍ ആയുഷ്‌കാലം കൊണ്ട് വിറ്റതിനേക്കാള്‍ ഡാന്‍ ബ്രൗണും ജെ.കെ. റൗളിങ്ങ്ും രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ചിലവായിക്കാണും).
1980-കളില്‍ കമ്പ്യൂട്ടര്‍ എന്നാല്‍ ബേസിക്, കോബോള്‍, ഫോര്‍ട്രാന്‍ എന്നൊക്കെ വിളിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷകള്‍ പഠിച്ച വിദ്വാന്മാര്‍ക്ക് മാത്രം പ്രയോഗിക്കാന്‍ പറ്റുന്ന ഉപകരണമായിരുന്നു കേരളത്തില്‍. !990-കളില്‍ ഹോം കമ്പ്യൂട്ടറും വിന്‍ഡോസും പിന്നാലെ ഇന്റര്‍നെറ്റും വന്നു. തിരിഞ്ഞുനോക്കുമ്പോള്‍ പക്ഷേ, 1990-കളിലെ കമ്പ്യൂട്ടറുഖല്‍ ഇന്നത്തെ തലമുറക്ക് ശിലായുഗ സാമഗ്രികള്‍ തന്നെയാണ്. ഇന്ന് പല ഹൈസ്‌കൂള്‍ ഡ്രോപ്പൗട്ടുകളുടെയും കൈയില്‍ കാണുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വൈഭവം പോലും അന്നത്തെ -ൈഎന്‍ഡ് ഡെസ്‌ക് ടോപ്പുകള്‍ക്കില്ലായിരുന്നു.
കമ്പ്യൂട്ടറായാലും താളിയോലയായലും അക്ഷരങ്ങളെയും ഭാഷയേയും വായനയേവും പൂര്‍ണമായി തിരസ്‌കരിക്കാന്‍ പറ്റുന്ന ഒരു സാങ്കേതികവിദ്യയും നാമിതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇന്റര്‍നെറ്റിലും സ്‌ക്രീനില്‍ എഴുതികാണിക്കുന്ന വിവരങ്ങള്‍ വായിച്ചു മനസ്സിലാകാതെ നിങ്ങള്‍ക്ക് മുന്നോട്ടുപോകാനാകില്ല. മാത്രമല്ല, സാഹിത്യകൃതികള്‍ (അല്ലെങ്കില്‍ പൈങ്കിളി പത്രം) തന്നെ വായിക്കാന്‍ വേണ്ടി വന്‍തോതില്‍ വനനശീകരണം നടത്തി ഉണ്ടാക്കുന്ന കടലാസില്‍ അച്ചടിച്ച കൃതി വേണമെന്നുമില്ല. സ്യൂട്‌കേസിന്റെ ഉള്ളില്‍ വെക്കാവുന്ന ഒരു കിന്‍ഡിലിനുള്ളില്‍ അത്തരം പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ ഡിജിറ്റലായി കൊണ്ടുനടക്കാം.
എങ്കിലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നമ്മുടെ വായനയുടെ സ്വഭാവത്തെ പൂര്‍ണമായി മാറ്റിമറിച്ചു എന്നു പറയാതെ വയ്യ. കടലാസിലെ വായനയും കമ്പ്യൂട്ടറിലെ വായനയും രണ്ട് ജോലികളാണ്. കടലാസില്ലെ വായന വളരെ ഋജുവാണ്. തുടക്കം മുതല്‍ ഒടുക്കം വരെ വായിക്കാം വേണമെങ്കില്‍. അല്ലെങ്കില്‍ വായന നിര്‍ത്തി മുന്നോട്ടോ പിന്നോട്ടോ പോയും വായിക്കാം. പക്ഷേ ഓണ്‍ലൈന്‍ വായന വേറൊരു പരിപാടിയാണ്. വായനക്കിടയില്‍ ഒരു സംശയം വന്നാല്‍, അതു തീര്‍ക്കാന്‍ വേണ്ടി പുസ്തകം മടക്കിവെച്ച് വേറൊരിടത്ത് പോകേണ്ട - ആ വിന്‍ഡോ മിനിമൈസ് ചെയ്ത് ഡിക്ഷ്ണറിയോ എന്‍സൈക്ലോപീഡിയയോ നോക്കിയ ശേഷം മടങ്ങി വരാം. പുസ്തകത്തില്‍ തന്നെ എഴുത്തുകാരന്‍ അടിക്കുറിപ്പായി സാധാരണ എഴുതാറുള്ളത്് ഓണ്‍ലൈനില്‍ ഒരു ഹൈപര്‍ലിങ്ക് ആയി കൊടുത്താല്‍ മതി, വായനക്കാരായ നമ്മള്‍ ആ വഴിക്കും പോയി നോക്കിക്കൊള്ളും (ചിലപ്പോള്‍ വഴിതെറ്റി ആ വഴി വേറെങ്ങോട്ടെങ്കിലും വുകയും ചെയ്യും).
കടലാസിലെ വായനയില്‍ ഒരു വിധത്തിലും സാധ്യമല്ലാത്ത സമ്പന്നത ഓണ്‍ലൈന്‍ വായനയിലുണ്ട്. അതൊരുതരം ഇന്ററാക്ടീവ് വായനയാണ്. വാര്‍ത്താമാധ്യങ്ങളുടെ കാര്യത്തില്‍ വായനക്കാരന് തത്സമയം തന്നെ വാര്‍ത്തയില്‍ പറഞ്ഞതിനെ പറ്റിയുള്ള വിയോജിപ്പുകള്‍ ഓണ്‍ലൈനായി പ്രകടിപ്പിക്കാം. വാര്‍ത്ത എഴുതിയ മനുഷ്യന് വായനക്കാരില്‍ നിന്നുള്ള പ്രതികരണങഅഹളും വിവരങ്ങളും വെച്ച് വാര്‍ത്ത തന്നെ മാറ്റിയെഴുതാം.
('മാതൃഭൂമി' ഓണ്‍ലൈന്‍ എഡിഷന്‍ അസി. എഡിറ്ററാണ് ലേഖകന്‍)
വായനയുടെ 'ഇ' കാലം
ബി.എസ്. ബിമിനിത്
ലോകത്തിലേക്ക്, പല ജീവിതങ്ങളിലേക്ക് തുറന്നിട്ട വാതിലുകളായിരുന്നു ഓരോ പുസ്തകവും. അറിവുതേടി ഗ്രന്ഥശാലകള്‍ കയറിയിറങ്ങിയവരുടെ എണ്ണം നന്നേ കുറഞ്ഞുവെന്ന സത്യം അംഗീകരിച്ചേ മതിയാകൂ. എന്നാല്‍, വായന മരിക്കുന്നുവെന്ന വാദത്തെ ഖണ്ഡിക്കാന്‍ വിവരസാങ്കേതികവിദ്യയ്ക്ക് അധികനാള്‍ വേണ്ടിവന്നില്ല. എങ്ങനെയെന്നതിന് ഉത്തരം ആ പേരില്‍ തന്നെയുണ്ട്. ചുറ്റുപാടും വിവരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് നാമിന്ന് ജീവിക്കുന്നത്.
പുസ്തകങ്ങളും മാസികകളും തേടി ഗ്രന്ഥാലയങ്ങളും പുസ്തകശാലകളും കയറിയിറങ്ങിയശീലം പലരും മറന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ മറന്നുപോയ ഈ ശീലങ്ങള്‍ തിരിച്ചെത്തിയത് ഇ മാഗസിനുകളുടെയും ഇ ബുക്കുകളുടെയും വരവോടെയാണ്. കമ്പ്യൂട്ടറോ, ടാബ്ലറ്റ് പി.സി.യോ, സ്മാര്‍ട്ട് ഫോണോ കൈയിലുണ്ടെങ്കില്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ള പുസ്തകവും മാഗസിനുകളും നമുക്ക് വായിക്കാം. സര്‍വകലാശാലകളിലെയും ഗവേഷണകേന്ദ്രങ്ങളിലെയും വിവരങ്ങളും ലഭിക്കും. എല്ലാം 'പുസ്തകരൂപ'ത്തില്‍ത്തന്നെ.
ഇപുസ്തകങ്ങള്‍ വായിക്കാന്‍ പുസ്തകത്തിന്റെ വലിപ്പത്തിലുള്ള ഇബുക്ക് റീഡറുകള്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി വിപണിയിലുണ്ട്. ഒരു പുസ്തകത്തിന്റെ വലിപ്പത്തിനകത്ത് ശേഖരിച്ചുവെച്ച നൂറുകണക്കിന് പുസ്തകങ്ങളുമായി നമുക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാന്‍ ഇറീഡറുകള്‍ സൗകര്യമൊരുക്കി. വാര്‍ത്തകളില്‍ നിന്നോ ആരെങ്കിലും പറഞ്ഞുകേട്ടോ പെട്ടെന്നൊരു പുസ്തകം വാങ്ങണമെന്നു തോന്നിയാല്‍ ആമസോണോ, ഫ്‌ളിപ്കാര്‍ട്ടോ പോലുള്ള ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഇ ബുക്കുകള്‍ കിട്ടാന്‍ മിനിറ്റുകള്‍ കാത്തിരുന്നാല്‍ മതി.
വില്പന പ്രോത്സാഹിപ്പിക്കാനായി ആമസോണിന്റെ 'കിന്‍ഡ്ല്‍' ഇ ബുക്കുള്‍പ്പെടെയുള്ള മിക്ക ഇറീഡറുകളും ധാരാളം സൗജന്യപുസ്തകങ്ങളടക്കമാണ് പുറത്തിറങ്ങുന്നത്. ഇറീഡറുകള്‍ക്കപ്പുറം സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും വേണ്ടി തയ്യാറാക്കിയ ഇ റീഡര്‍ സോഫ്റ്റ് വേറുകളും വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇഷ്ടമുള്ള രീതിയില്‍, വേണ്ടഭാഗം അടയാളപ്പെടുത്തി, അക്ഷരങ്ങളുടെ വലിപ്പം കൂട്ടി, കറുപ്പില്‍ വെള്ളനിറത്തിലുള്ള അക്ഷരങ്ങളില്‍ വായിക്കണോ, അതോ വെളുപ്പില്‍ കറുപ്പക്ഷരങ്ങളില്‍ വായിക്കണോ എന്ന് നിശ്ചയിച്ച് വായന ലളിതവും ചെലവുകുറഞ്ഞതുമാക്കാന്‍ ഇവായനയ്ക്ക് കഴിയുന്നു. അങ്ങനെ യാത്രയ്ക്കിടയിലും വിശ്രമ വേളയിലുമൊക്കെ വായന വളര്‍ന്നു കൊണ്ടേയിരിക്കുന്നു.
ഒരു നല്ലപുസ്തകം ചിലപ്പോള്‍ നമ്മള്‍ പല ആവൃത്തി വായിച്ചെന്നിരിക്കും. ഓരോ കാലത്തും ഓരോ പുതിയ വായന. ഓരോ അധ്യായത്തിന്റെ ഘടനയും നമുക്ക് മനഃപാഠമായിരിക്കും. അത്തരം പുസ്തകങ്ങള്‍ മരിക്കുവോളം മനസ്സില്‍ കിടക്കും. കാലം രൂപത്തില്‍ മാറ്റം വരുത്തിയെങ്കിലും ഇബുക്കുകളോടും ഇതേ വികാരത്തോടെ നമുക്ക് സമീപിക്കാം.
വിവരസാങ്കേതികവിദ്യ പുസ്തകങ്ങളുടെ ഭൗതികഘടനയില്‍ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളൂവെങ്കില്‍ മാഗസിനുകളുടെ കാര്യത്തില്‍ അങ്ങനെയല്ല. മാഗസിനുകളും പത്രങ്ങളുമൊക്കെ പ്രധാനമായും വെബ് എഡിഷനുകള്‍, ഇമാഗസിനുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് വിധേയമായത്. ഇപേപ്പറുകളും ഇ മാഗസിനുകളുമെത്തിയതോടെ ഇ ബുക്കുകള്‍ക്ക് സമാനമായി പേജുകള്‍ മറിച്ച് വായിക്കാവുന്ന തരത്തിലേക്ക് വായന മാറി. അതത് വെബ്‌സൈറ്റുകളില്‍ നിന്ന് പണം നല്‍കിയോ സൗജന്യമായോ ഇപേപ്പര്‍/ഇമാഗസിനുകള്‍ ലഭിക്കും. ഇ ബുക്കുകള്‍ക്കും ടാബുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും വേണ്ടി തയ്യാറാക്കിയ പ്രധാന പ്രസിദ്ധീകരണങ്ങളുടെയൊക്കെ ആപ്പുകള്‍ ഇന്ന് ലഭിക്കും. വെബ്‌സൈറ്റുകളുടെ സംവിധാനത്തോട് കൂടുതല്‍ അടുപ്പം കാണിക്കുമെങ്കിലും ചെറിയ സ്‌ക്രീനിലാണെങ്കില്‍പ്പോലും മാസിക വായനയുടെ അനുഭവത്തിന് അധികമൊന്നും അല്ലലേല്‍ക്കില്ല. ആന്‍ഡ്രോയ്ഡ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം തന്നെ 'പ്ലേ ബുക്ക്' പോലെ പുസ്തകങ്ങള്‍ വാങ്ങി വായിക്കാവുന്ന ആപ്ലിക്കേഷനുകളും 'ന്യൂസ് സ്റ്റാന്‍ഡ്' പോലെ ഓണ്‍ലൈന്‍ പത്രമാസികകളുടെ ലേഖനങ്ങളും മറ്റും ക്രോഡീകരിച്ചുനല്‍കുന്ന ആപ്ലിക്കേഷനുകളും ലഭ്യമാണ്.
ഗൃഹാതുരമായ ഗ്രന്ഥാലയങ്ങളുടെ ഓര്‍മകളില്‍ വായന നമ്മളിലേക്കെത്തിച്ച ഒരുപാട് മാര്‍ഗദര്‍ശികളുണ്ടായിരുന്നു. പുതിയ കാലത്ത് വായനയും എഴുത്തും ഏറെക്കുറെ സ്വയം നിര്‍മിച്ചെടുക്കുന്നവയാണ്. പുതുതലമുറ എഴുത്തുകാരുടെ ആഖ്യാനരീതിയിലും വിഷയ വൈവിധ്യത്തിലും അവയൊക്കെ പ്രതിഫലിക്കുന്നുമുണ്ട്. പരന്ന വായനയ്ക്ക് വേണ്ടതൊക്കെ പുതിയ കാലം നല്‍കുന്നുണ്ട്. നമ്മുടെ വ്യക്തിജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വായനയുടെ രീതി മാത്രമേ മാറിയിട്ടുള്ളൂ. ഗ്രന്ഥശാലകളില്‍ നിന്നും പുസ്തകശാലകളില്‍ നിന്നും വാങ്ങി പുസ്തകങ്ങള്‍ വായിക്കുന്നതിനുപകരം ഓണ്‍ലൈനായി പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കൊറിയറില്‍ വരുത്തി വായിക്കുന്നവരുടെ എണ്ണവും കൂടി വരികയാണെന്നാണ് കണക്കുകള്‍. അതിന് സമയമില്ലാത്തവര്‍ പുസ്തകളുടെ ഇരൂപങ്ങള്‍ തേടുന്നു. വായനയ്ക്ക് മരണമല്ല, സംഭവിച്ചത് രൂപാന്തരണമാണ്.
മാതൃഭൂമിയില്‍ നിന്ന്
No comments:
Post a Comment